
ദോഹ: കുവൈത്തിനും ബഹ്റൈനും എതിരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ.
ഇറാൻ്റെ നടപടികൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ അനാവശ്യമായ ആക്രമണങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും, പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കാൻ അടിയന്തരമായി ശ്രമിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സഹോദര രാജ്യങ്ങളായ കുവൈത്തിനും ബഹ്റൈനും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതോടൊപ്പം തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു വ്യക്തമാക്കി.










